Featured Post Today
print this page
Latest Post

Wednesday, October 3, 2012

മുഖംമൂടി ആക്രമണക്കേസില്‍ കുറ്റപത്രമായി




മലപ്പുറം: സംസ്ഥാനത്ത് എന്‍ഡിഎഫ് നടത്തിയ ആദ്യ മുഖംമൂടി ആക്രമണ കേസില്‍ കുറ്റപത്രമായി. മഞ്ചേരി പുല്ലാര മേല്‍മുറിയില്‍ സിപിഐ എം നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് ആറ് എന്‍ഡിഎഫ് പ്രവര്‍ത്തകരെ പ്രതിയാക്കി സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ഐഎസ്ഐടി) കുറ്റപത്രം തയ്യാറാക്കിയത്. ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സണ്‍ എം പോളിന്റെ അനുമതി ലഭിച്ചാലുടന്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. മേല്‍മുറി പുല്ലാര പള്ളിയാളി മുഹമ്മദ് അഷ്റഫ്, വള്ളുവമ്പ്രം സ്വദേശികളായ എം ടി മുഹമ്മദ്, മഞ്ചേരി മേമാട് മാങ്കുളങ്ങര അഷ്റഫ്, മേലേയില്‍ അബ്ദുള്‍ നാസര്‍, കോണോംപാറ മേല്‍മുറി കുരുടി കണ്ടത്തില്‍ കെ കെ സാജിര്‍, മേല്‍മുറി സ്വദേശി ഹസന്‍ എന്നിവരാണ് പ്രതികള്‍. 2008 ആഗസ്ത് 24ന് രാത്രി എട്ടരയോടെയാണ് പുല്ലാര മേല്‍മുറിയില്‍ സിപിഐ എം പ്രവര്‍ത്തകനായ മണ്ണിങ്ങച്ചാലി മുസ്തഫയെ മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘം ആക്രമിച്ചത്. രണ്ട് ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് അക്രമം നടത്തിയത്. ബൈക്കിന്റെ പിറകുവശത്തിരുന്ന രണ്ടുപേരാണ് വടിവാള്‍ ഉപയോഗിച്ച് മുസ്തഫയെ വെട്ടിയത്. സംഭവത്തിനുശേഷം മേല്‍മുറി എസ്റ്റേറ്റുവഴി ബൈക്കില്‍ സംഘം രക്ഷപ്പെടുകയായിരുന്നു. മഞ്ചേരി പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്. പ്രതികളെ കണ്ടെത്താനായില്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നതായും കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കി. ഇതുപരിഗണിച്ച കോടതി കേസ് അവസാനിപ്പിക്കുയുംചെയ്തു. അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് മുസ്തഫ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ഐഎസ്ഐടിക്ക് കൈമാറിയത്. 2010ലാണ് കേസ് ഐഎസ്ഐടി ഏറ്റെടുത്തത്. പ്രതി മുഹമ്മദ് അഷ്റഫിന്റെ ഫോണ്‍ കോളാണ് കേസില്‍ വഴിത്തിരിവായത്. ആക്രമിക്കപ്പെടുന്നതിനുമുമ്പ് മുഹമ്മദ് അഷ്റഫ് അങ്ങാടിയില്‍ വച്ച് ആരെയോ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി മുസ്തഫ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതില്‍ തുടരന്വേഷണം നടത്താതെയാണ് ലോക്കല്‍ പൊലീസ് കേസ് അവസാനിപ്പിച്ചത്. ഐഎസ്ഐടി കേസ് ഏറ്റെടുത്തശേഷം ഇയാളുടെ ഫോണ്‍ കോള്‍ പരിശോധിച്ചപ്പോള്‍ സംഭവം നടന്ന ദിവസം വൈകിട്ട് നാലുമുതല്‍ രാത്രി 8.30 വരെ കേസിലെ മറ്റൊരു പ്രതിയായ അഷ്റഫിനെ 13 തവണ ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തി. മൊബൈല്‍ ടവര്‍ പരിശോധിച്ച പൊലീസ് ഈ സമയത്ത് ഇയാള്‍ മേല്‍മുറിയില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് ഐഎസ്ഐടി ഓഫീസില്‍ വിളിച്ചുവരുത്തി നിരവധി തവണ ചോദ്യം ചെയ്തശേഷമാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റുള്ളവരും പിടിയിലായി. അക്രമത്തിനുപയോഗിച്ച വാള്‍ മേല്‍മുറിക്കുസമീപത്തുള്ള തോട്ടത്തില്‍നിന്നാണ് കണ്ടെടുത്തത്. സജീവ എന്‍ഡിഎഫ് പ്രവര്‍ത്തകരായ പ്രതികള്‍ മലപ്പുറം ജില്ലയില്‍ നിരവധി കേസുകളില്‍ പ്രതികളാണ്. ഉത്തരകേരളത്തില്‍ ഐഎസ്ഐടി അന്വേഷിക്കുന്ന പത്തോളം കേസുകളില്‍ ആദ്യമായാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് ഉടന്‍ അന്വേഷണസംഘം എഡിജിപിക്ക് കൈമാറും.
 
Design | Salim Veemboor
Copyright © 2012. NATTUVISHESAM - All Rights Reserved